കാസർകോട് സ്കൂൾ കലോത്സവ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിനെ തുടർന്ന് മത്സരം നിർത്തിവെച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

മൈം ഷോ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് ഇതേ വേദിയിൽ വീണ്ടും അവസരം നൽകുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കുക. പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും കലാരൂപം തടയുന്നത് അനുവദിക്കാനാവില്ലയെന്നും അതിന്റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നത് മര്യാദകേടാണെന്നും മന്ത്രി പറഞ്ഞു.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർകോട് കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.