ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രംപ് നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ക്കകം തന്നെ ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിലെ സൈനിക നടപടികള്‍ കുറയ്ക്കാനായി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.