Skip to main content
വാർത്തകൾ

ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ റാലി: ഡൽഹിയിൽ കനത്ത സുരക്ഷ; 3,000 പൊലീസുകാരെ വിന്യസിച്ചു

delhi

നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ റാലിക്ക് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ റാലി സംഘടിപ്പിക്കുന്നത്.

റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ 3,000ത്തോളം ഉദ്യോഗസ്ഥരെയും അർധസൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നിരീക്ഷണത്തിനായി 150ലേറെ നിർമിതബുദ്ധി അധിഷ്ഠിത സിസിടിവി ക്യാമറകളും താൽക്കാലിക കൺട്രോൾ റൂമുകളും സജ്ജമാക്കി. മൈതാനത്തെയും പരിസരപ്രദേശങ്ങളെയും എട്ട് റീജിയണുകളായും 14 സോണുകളായും തിരിച്ചാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

വൈകിട്ട് അഞ്ചിന് മുമ്പ് റാലി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകണമെന്ന് ഡൽഹി പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൈതാനത്ത് രാത്രി തങ്ങാനോ അവിടെനിന്ന് മറ്റ് സർക്കാർ കേന്ദ്രങ്ങളിലേക്ക് മാർച്ചായി നീങ്ങാനോ അനുമതിയില്ല. നിശ്ചിത സമയത്തിന് ശേഷവും പ്രവർത്തകർ പിരിഞ്ഞുപോയില്ലെങ്കിൽ അർധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ പ്രവർത്തകർ എത്തുമെന്നതിനാൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റാലിയിൽ ജനപങ്കാളിത്തം കുറയ്ക്കാൻ കേന്ദ്ര സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സുരക്ഷയ്ക്കായി പ്രത്യേക എക്സിറ്റ് റൂട്ടുകളും ഒരുക്കിയിട്ടുണ്ട്. റാലി സമാധാനപരമായി നടത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.