Skip to main content
വാർത്തകൾ

‘മമ്മൂട്ടി നാടിന്റെ പൊതുസ്വത്ത്’; സൈബർ ആക്രമണങ്ങളെ വിമർശിച്ച് പി. ജയരാജൻ

mammootty

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിനു പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. മമ്മൂട്ടിയെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ നിക്ഷിപ്ത താൽപര്യങ്ങളോടെ ശ്രമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിഷയം മമ്മൂട്ടിയും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും പരസ്പരം സംസാരിച്ച് പരിഹരിച്ചതാണെന്ന് ജയരാജൻ പറഞ്ഞു. അവസാനിച്ച തെറ്റിദ്ധാരണ വീണ്ടും കുത്തിപ്പൊക്കി വിവാദമാക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ലെന്നും നാടിന്റെ പൊതുസ്വത്താണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. അദ്ദേഹവുമായി സൗഹൃദം പങ്കിടുന്നതിനെ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതില്ലെന്നും ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുടെ സന്ദർശനത്തെ വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയബോധമാണെന്നും അദ്ദേഹം വിമർശിച്ചു.

ഇടതുപക്ഷത്തിന്റെ പേരിൽ വ്യക്തിഹത്യ നടത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കെതിരായ അനാവശ്യ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.