ജെഎൻയുവിൽ സംവരണ അട്ടിമറിയെന്ന് ആരോപണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ 2026–27 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി കെ. രാധാകൃഷ്ണൻ എം.പി. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ വെട്ടിക്കുറച്ച നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികവർഗ വിഭാഗത്തിന് ലഭിക്കേണ്ട 53 സീറ്റുകൾക്ക് പകരം 38 സീറ്റുകളും പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ട 107 സീറ്റുകൾക്ക് പകരം 103 സീറ്റുകളും മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിന് അഞ്ച് ശതമാനം സംവരണപ്രകാരം ലഭിക്കേണ്ട 36 സീറ്റുകളിൽ 17 എണ്ണം മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആരോപിച്ച കെ. രാധാകൃഷ്ണൻ, സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചതായും അറിയിച്ചു.
വെട്ടിക്കുറച്ച സംവരണ സീറ്റുകൾ പുനഃസ്ഥാപിച്ച് പുതിയ പ്രോസ്പെക്ടസ് പുറത്തിറക്കാൻ സർവകലാശാല അധികൃതർക്ക് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യനീതി അട്ടിമറിക്കാനുള്ള നീക്കങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി ചോദ്യം ചെയ്യുമെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.