മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം തള്ളി എം.വി. ഗോവിന്ദൻ മാസ്റ്റർ ; കാലിക്കറ്റ് സർവകലാശാലയിലെ അക്രമത്തിൽ ലീഗിനെതിരെ വിമർശനം
നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാംസ്കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം തുടരുമെന്നും ലോകമറിയുന്ന നടനായ മമ്മൂട്ടിയുമായി നല്ല ബന്ധം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് പുറമെ യുവജന-വിദ്യാർത്ഥി സംഘടനകളും മമ്മൂട്ടിയെ സന്ദർശിക്കുമെന്നും അറിയിച്ചു.
അതേസമയം, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ യൂത്ത് ലീഗ്, മുസ്ലിം ലീഗ്, എംഎസ്എഫ്, കെഎസ്യു സംഘടനകളാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എസ്എഫ്ഐ ഭൂരിപക്ഷം സീറ്റുകൾ നേടിയതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷക വിദ്യാർത്ഥികളുടെ വോട്ടവകാശം റദ്ദാക്കിയ സർവകലാശാലാ വൈസ് ചാൻസലറാണ് സംഭവത്തിലെ ഒന്നാം പ്രതിയെന്നും കുറ്റപ്പെടുത്തി.
അക്രമത്തിൽ പങ്കെടുത്തവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ലീഗ് നേതൃത്വം ഇത്തരം സംഘങ്ങളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരും പോലീസും കർശന നടപടി സ്വീകരിക്കണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി.