ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. മലയാളം വാനോളം, ലാൽസലാം എന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു . ചലച്ചിത്ര രംഗത്തെ പ്രമുഖർ പരിപാടിയിൽ വിശിഷ്ടാതിഥികളായി . പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പരിപാടിയിൽ മോഹൻലാലിന് ശിൽപ്പവും പ്രഭാവർമ രചിച്ച കാവ്യപത്രവും മുഖ്യമന്ത്രി സമർപ്പിച്ചു. മോഹൻലാൽ ഇന്ത്യൻ സിനിമയുടെ സമുന്നതപീഠത്തിന് അധിപനായ ഇതിഹാസ താരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രഭാവർമ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. ജനസാഗരമാണ് പരിപാടിക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. 'വാനോളം മലയാളം, ലാല്‍ സലാം' പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 10,000 പേർക്ക് ഇരിക്കാൻ സൗകര്യവും, അല്ലാതെ 10,000 പേർക്കുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഭഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, ആന്റണി രാജു എംഎല്‍എ, മേയർ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ , സാസ്കാരിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാദമി ചെയർമാന്‍ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാന്‍ കെ. മധുപാല്‍, ചലച്ചിത്ര വികസന കോർപ്പറേഷന്‍ മാനേജിങ് ഡയറക്ടർ പ്രിയദർശന്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. അടൂർ ഗോപാലകൃഷ്ണന്‍, ജോഷി, രഞ്ജിനി, അംബിക തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ജഗതി ശ്രീകുമാറും ചടങ്ങിനെത്തി.