Skip to main content
വാർത്തകൾ

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ആക്രമണം ക്രൂരമെന്ന് കെ.കെ. ശൈലജ; യുഡിഎഫിനെതിരെ വിമർശനം

kk shailaja

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.കെ. ശൈലജ. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ യുഡിഎഫ് നേതൃത്വം സഹായിക്കുകയാണെന്ന് അവർ ആരോപിച്ചു. ആശുപത്രിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആക്രമണത്തിന് പൊലീസിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ശൈലജ പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും അക്രമങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

യുഡിഎഫ് സർക്കാർ ആരോഗ്യ മേഖലയെ തകർക്കാനും സ്വകാര്യവത്കരിക്കാനുമാണ് ശ്രമിക്കുന്നതെന്നും ശൈലജ ആരോപിച്ചു. സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനായാണോ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാൻ 2016ലെ എൽഡിഎഫ് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയെന്നും ഇതിലൂടെ നിരക്ക് 33 ശതമാനത്തിൽനിന്ന് മൂന്ന്–നാല് ശതമാനമായി കുറയ്ക്കാനായെന്നും ശൈലജ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് കുട്ടികൾ മരിച്ച സാഹചര്യം ഗൗരവമായി കാണണമെന്നും ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. വിഷയത്തിൽ പരിശോധനകൾ നടക്കട്ടെയെന്നും നിയമസഭയിൽ കാര്യങ്ങൾ ആധികാരികമായി അവതരിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ചെയ്യേണ്ട കാര്യങ്ങൾ നടപ്പാക്കാതെ കുറ്റങ്ങൾ കണ്ടെത്താനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും ശൈലജ വിമർശിച്ചു.