Skip to main content
വാർത്തകൾ

മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; ചടങ്ങ് നിർത്തിവെച്ച് മടങ്ങി

roji m john

മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. ബിരുദദാന ചടങ്ങിനിടെ വേദിയിലെത്തിയ വിദ്യാർത്ഥികൾ മന്ത്രിയെ വളഞ്ഞ് ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ പരിപാടി തടസ്സപ്പെട്ടു. പിന്നാലെ മന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോയി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും 60 ദിവസം പിന്നിട്ടിട്ടും സസ്‌പെൻഷൻ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി പങ്കെടുത്ത പൊതുപരിപാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തെത്തുടർന്ന് കോളേജ് കാമ്പസിൽ സംഘർഷഭരിതമായ രംഗങ്ങളുണ്ടായി.